കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വെള്ളരി വർഗ്ഗ വിളകളിൽ ഒന്നാണ് പാവൽ. കയ്പ്പക്ക എന്നും വിളിക്കാറുണ്ട്. രുചി കയ്പാണെങ്കിലും കാൽസ്യം, ഇരുമ്പ്, ജീവകം ബി, സി എന്നിവയുടെ കലവറയാണ് പാവൽ. പ്രമേഹ രോഗികൾക്ക് ഉത്തമ ഭക്ഷണമാണിത്.
മഴയെ ആശ്രയിച്ച് കൃഷി ചെയ്യുകയാണെങ്കിൽ മെയ് മുതൽ ഓഗസ്റ്റ് മാസം വരെ വിതയ്ക്കാം. ജലസേചനം നടത്തി കൃഷി ചെയ്യുകയാണെങ്കിൽ ജനുവരി മുതൽ മാർച്ച് വരെയും സെപ്റ്റംബർ- ഡിസംബർ മാസങ്ങളിലും വിതയ്ക്കാം. കേരളത്തിൽ മികച്ച പാവൽ ഉണ്ടാകുന്നത് വയനാട് ജില്ലയിലാണ്. 30 ഡിഗ്രി സെൽഷ്യസ് വരെയുള്ള അന്തരീക്ഷ താപനിലയിൽ പാവൽ നന്നായി വളരും. താപനില അതിലും കൂടുതലായാൽ വൈറസ് ബാധ ഉണ്ടാകാനും പെൺ പൂക്കളുടെ എണ്ണം കുറയാനും സാധ്യതയുണ്ട്.
നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണിലാണ് പാവൽ കൃഷി ചെയ്യേണ്ടത്. കേരള കാർഷിക സർവകലാശാലയിൽ നിന്നും പുറത്തിറക്കിയ അത്യുല്പാദനശേഷിയുള്ള പാവൽ ഇനങ്ങൾ ആണ് പ്രിയ, പ്രീതി, പ്രിയങ്ക എന്നിവ. ചെറിയ മുള്ളുകളുള്ള പച്ചനിറമുള്ള കായകൾ ഉള്ള ഇനമാണ് പ്രിയ. വെളുത്ത കായകളുള്ള ഇനങ്ങളാണ് പ്രീതിയും പ്രിയങ്കയും.
സാധാരണയായി വിത്ത് നേരിട്ട് പാകിയാണ് പാവൽ കൃഷി ചെയ്തുവരുന്നത്. എന്നാൽ ആരോഗ്യമുള്ളതും രോഗപ്രതിരോധശേഷിയുള്ളതും നല്ല വളർച്ചയുള്ളതുമായ തൈകൾ തിരഞ്ഞെടുത്ത് നടുന്നതും നല്ലതാണ്. അതിനായി വിത്തുകൾ പ്രോട്രേകളിൽ പാകാം. ഒരു സെന്റിന് 20 ഗ്രാം വിത്ത് ആവശ്യമായി വരും. വിത്ത് പാകുന്നതിന് മുൻപ് നാലുമണിക്കൂർ സ്യൂഡോമോണോസ് ലായനിയിൽ മുക്കി വയ്ക്കുന്നത് നല്ലതാണ്.
കൃഷിയിടം നന്നായി കിളച്ചൊരുക്കിയ ശേഷം 60 സെന്റീമീറ്റർ വ്യാസത്തിലും 40 സെന്റീമീറ്റർ ആഴത്തിലും തടങ്ങളെടുക്കാം. ചെടികൾ തമ്മിലും വരികൾ തമ്മിലും രണ്ട് മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണം.
മണ്ണിലെ അംളത്തിന്റെ അളവനുസരിച്ച് ഒരു കിലോ മുതൽ 3 കിലോ വരെ കുമ്മായം വേണ്ടി വരും. മണ്ണ് പരിശോധിച്ച ശേഷം മാത്രം കുമ്മായത്തിന്റെ അളവ് നിശ്ചയിക്കുക. കുമ്മായം ചേർത്ത് ഒരാഴ്ച കഴിഞ്ഞു വേണം അടി വളമായി ജൈവവളം നൽകാൻ. ഒരു സെന്റിന് 60 കിലോയോളം ജൈവവളം ആവശ്യമായിവരും. കോഴിവളമോ വെർമി കമ്പോസ്റ്റോ ആണെങ്കിൽ 16 കിലോ മതിയാകും. പച്ചിലവളമാണെങ്കിൽ 32 കിലോ ചേർക്കണം. ശേഷം തടങ്ങളിൽ മൂന്നോ നാലോ വിത്തുകൾ പാകാം. ഒന്നോ രണ്ടോ സെന്റീമീറ്റർ ആഴത്തിൽ വിത്ത് പാകിയാൽ മതിയാകും. നാലഞ്ച് ദിവസത്തിനുള്ളിൽ വിത്തുകൾ മുളച്ചു തുടങ്ങും. ആരോഗ്യമുള്ള തൈകൾ അവശേഷിപ്പിച്ച് ബാക്കിയുള്ളവ പുഴുതു മാറ്റാം. ഒരു തടത്തിൽ മൂന്ന് തൈകൾ വരെ നിലനിർത്താം.
പ്രോട്രേകളിൽ പാകി പറിച്ചു നടക്കുകയാണെങ്കിൽ വിതച്ച് 20 ദിവസങ്ങൾക്ക് ശേഷമോ, 10 സെന്റീമീറ്റർ മുതൽ 15 സെന്റിമീറ്റർ വരെ ചെടികൾക്ക് ഉയരം വയ്ക്കുമ്പോഴോ പറിച്ചുനടാം.
വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ ജൈവവളത്തിനൊപ്പം നേർവളങ്ങളും നൽകുന്നത് നല്ലതാണ്. ഒരു കുഴിയിൽ അഞ്ച് കിലോഗ്രാം ചാണകവും 10 ഗ്രാം യൂറിയയും 80 ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 40 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും ചേർക്കാം. ജൈവാംശം കൂടിയ മണ്ണിൽ യൂറിയ ഒഴിവാക്കാം.
എന്നാൽ അടുക്കളത്തോട്ടത്തിലോ മട്ടുപ്പാവിലോ കൃഷിചെയ്യുമ്പോൾ പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഈ രീതിയിൽ കൃഷി ചെയ്യുമ്പോൾ . ചാണകപ്പൊടി, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, ചാരം എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് ഒരാഴ്ച ഇടവേളയിൽ ചെടികളുടെ ചുവട്ടിൽ ഇടുന്നത് നല്ലതാണ്.
പാവൽ തടം നന്നായി നനയ്ക്കാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് തടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കുകയും വേണം. വേനൽക്കാലത്ത് മൂന്നു ദിവസത്തിൽ ഒരിക്കലെങ്കിലും നനച്ചുകൊടുക്കണം. കളകളെ നിയന്ത്രിക്കാനും ഈർപ്പം നിലനിർത്താനും ചുവട്ടിൽ പുതയിടുന്നത് നല്ലതാണ്.
പാവൽ വിത്ത് മുളച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ പന്തൽ കെട്ടിക്കൊടുക്കണം. രണ്ടു മീറ്റർ ഉയരമുള്ള തൂണുകൾ മൂന്നു മീറ്റർ അകലത്തിൽ നാട്ടിയ ശേഷം കയറോ പ്ലാസ്റ്റിക് കയറോ കൊണ്ട് ബലമായി വരിഞ്ഞുകെട്ടി പന്തൽ ഉണ്ടാക്കാം. പന്തലിന് മുകളിൽ വള്ളി എത്തുന്നതുവരെ ഇരുവശങ്ങളിൽ നിന്നും ഉണ്ടാകുന്ന, അധികം പൂക്കാനും കായ്ക്കാനും സാധ്യതയില്ലാത്ത ശിഖരങ്ങൾ നീക്കം ചെയ്യാം. ഇത് കൂടുതൽ വിളവ് നൽകാൻ സഹായിക്കും. ആദ്യത്തെ 10 മുട്ടുകൾ വരെയെങ്കിലും ഇത്തരത്തിൽ അധിക ശിഖരങ്ങൾ നീക്കം ചെയ്യണം. പന്തലിന് മുകളിലേക്ക് വളർന്നതിനുശേഷം 6 ശാഖകൾ വരെ നിലനിർത്തി പ്രധാന ശാഖയുടെ അറ്റം മുറിച്ചുകളയുന്നത് പെട്ടെന്ന് കായ്ക്കാൻ സഹായിക്കും.
പാവലിൽ സാധാരണയായി ആൺ പൂക്കളാണ് ആദ്യം വിരിയുക. 10 – 15 ആൺപൂക്കൾ വിരിഞ്ഞ ശേഷമാണ് ഒരു പെൺ പൂവ് വിരിയുന്നത്. എന്നാൽ പോഷകക്കുറവും കാലാവസ്ഥ വ്യതിയാനങ്ങളും പെൺ പൂക്കളുടെ എണ്ണത്തെ ബാധിക്കാം. പരാഗണം നടത്തുന്നതിന് തേനീച്ചകളുടെ സാന്നിധ്യം ആവശ്യമാണ്. ഇതിനായി രാസകീടനാശിനി പ്രയോഗം പരമാവധി കുറയ്ക്കാം. പരാഗണം നടക്കുന്ന സമയം രാവിലെയായതിനാൽ ഈ സമയത്ത് ഇത്തരം കീടനാശിനികളുടെ പ്രയോഗം ഒഴിവാക്കണം.
നട്ട് രണ്ടു മാസങ്ങൾക്ക് ശേഷം കായകൾ ഉണ്ടാകും. പിന്നീട് ഓരോ ആഴ്ച ഇടവിട്ട് കായകൾ പറിച്ചെടുക്കാനാകും
രോഗ കീട നിയന്ത്രണ മാർഗങ്ങൾ
കായീച്ചകളാണ് പാവലിന്റെ പ്രധാന ശത്രു. ഇവയെ തുരത്താനായി പാവൽ പേപ്പർ കൊണ്ട് പൊതിഞ്ഞു നിർത്താൻ ശ്രദ്ധിക്കാം. ആക്രമണം നേരിട്ട കായ്കൾ യഥാസമയം പറിച്ച് നശിപ്പിക്കാം. നടുന്ന സമയത്തും നട്ട് ഒരു മാസത്തിന് ശേഷവും 100 ഗ്രാം വേപ്പിൻപിണ്ണാക്ക് ചുവട്ടിൽ ചേർത്തു കൊടുക്കാവുന്നതാണ്. ഇതോടൊപ്പം കഞ്ഞിവെള്ള കെണി, മീൻ കെണി, പഴക്കെണി തുളസിക്കെണി എന്നിവയും പന്തലിൽ അവിടവിടെയായി തൂക്കിയിടാം. ഫിറമോൺ കെണി ആയ ക്യൂ ലൂർ ഉപയോഗിച്ചും കായീച്ചകളെ കുടുക്കാം.കായീച്ചയുടെ ഫിറമോൺ കെണി കാർഷിക സർവകലാശാലയിൽ ലഭ്യമാണ്. രണ്ടുമാസം വരെ ഫിറമോൺ കെണികൾ ഉപയോഗിക്കാം. പൂവിടുന്നതിന് ഒന്നു രണ്ടാഴ്ച മുമ്പ് തന്നെ കെണികൾ തോട്ടത്തിൽ തൂക്കിയിടണം. പന്തലിന്റെ നാലുവശത്തും പല രീതിയിലുള്ള കെണികൾ തൂക്കിയിടാൻ ശ്രദ്ധിക്കാം. . ഒരുതവണ വെള്ളരി വർഗ്ഗ പച്ചക്കറികൾ കൃഷി ചെയ്ത ഇടത്ത് അടുത്ത തവണ മറ്റ് വർഗ്ഗത്തിൽപെട്ട പച്ചക്കറികൾ കൃഷി ചെയ്യുന്നതും കായീച്ചകളുടെ ശല്യം കുറയ്ക്കാൻ സഹായിക്കും.
2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്യുന്നത് മുഞ്ഞ, വെള്ളീച്ച, മണ്ഡരി എന്നിവയുടെ ആക്രമണത്തെ തടയും. ഇലകളും പൂക്കളും തിന്നു നശിപ്പിക്കുന്ന കീടങ്ങളെ തുരത്താനായി ഗോമൂത്രം കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം. ഒരു ലിറ്റർ ഗോമൂത്രവും 10 ഗ്രാം കാന്താരിമുളക് അരച്ചതും ഒമ്പത് ലിറ്റർ വെള്ളവും ചേർത്ത് നിർമ്മിച്ച ലായനി അരിച്ചെടുത്ത് സ്പ്രേ ചെയ്യാവുന്നതാണ്. ചിത്ര കീടങ്ങളെ തുരത്താൻ വേപ്പിൻകുരു സത്ത് ഉപയോഗിക്കാം.
പലതരം മിത്രകീടങ്ങൾ തോട്ടത്തിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്. മിത്ര കീടങ്ങളുടെ ഇളം ദശകൾ ഭക്ഷിക്കുന്നത് ശത്രുകീടങ്ങളെയാണ് . ജൈവകീടനാശിനികൾക്കൊപ്പം ഇവയുടെ പ്രവർത്തനം കൂടിയാകുമ്പോൾ ശത്രു കീടങ്ങളെ പരമാവധി നിയന്ത്രിക്കാനാകും. മിത്ര കീടങ്ങളുടെ ജീവിതചക്രത്തിൽ പൂർണ്ണവളർച്ചയെത്തിയ പ്രാണികൾ ഭക്ഷിക്കുന്നത് പൂമ്പൊടിയും പൂന്തേനുമാണ്. തലവെട്ടി, തുമ്പ, പെരുവലം, തുളസി, മൈലാഞ്ചി, ബന്ധി, ചെമ്പരത്തി എന്നീ പൂച്ചെടികൾ തോട്ടത്തിൽ ഉണ്ടായിരിക്കുന്നത് മിത്ര കീടങ്ങളെ തോട്ടത്തിൽ നിലനിർത്തുന്നതിന് സഹായിക്കുന്നു.
20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ വിത്ത് മുക്കിവച്ചശേഷം നടുന്നത് അനേകം രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. മൃദുരോമപൂപ്പൽ, ചൂർണ്ണപൂപ്പൽ എന്നീ രോഗങ്ങൾക്ക് 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ മുകൾ ഭാഗത്തും അടിഭാഗത്തും തളിച്ചു കൊടുക്കാവുന്നതാണ്. രോഗാരംഭത്തിൽ തന്നെ ഇത് ചെയ്യാൻ ശ്രദ്ധിക്കണം. രോഗം വന്ന സസ്യഭാഗങ്ങൾ തീയിട്ടു നശിപ്പിച്ച ശേഷമാണ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടത്
വയറസ് രോഗമായ മൊസൈക്ക് പരത്തുന്ന വെള്ളീച്ചകളെയും മുഞ്ഞകളെയും തുരത്താൻ മുകളിൽ പ്രതിപാദിച്ചിട്ടുള്ള ജൈവമാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.
Discussion about this post