‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?’ കേട്ട് പഴകിയ വരിയ്ക്ക് ഇക്കുറി പ്രാധാന്യമേറുകയാണ്.
ഇന്ന് ചര്‍ച്ച ചെയ്യപ്പെടെണ്ട മുഖ്യ വിഷയമാണ് എന്‍വയോണ്‍മെന്‍റ് ഇംപാക്ട് അസസ്മെന്റ് ഡ്രാഫ്റ്റ് 2020. ചിലപ്പോള്‍ ഭാവിതലമുറ 2020 നെ ഓര്‍ത്തെടുക്കുന്നത് കൊറോണ എന്ന മഹാമാരിയുടെ പേരില്‍ ആയിരിക്കില്ല മറിച്ച് ഈ നിയമത്തിന്‍റെ പേരിലായിരിക്കും.
പരിസ്ഥിതി ആഘാതപഠനങ്ങളെ പറ്റി ഇന്ത്യയില്‍ ഉള്ള നിയമമാണ് എന്‍വയോണ്‍മെന്‍റ് ഇംപാക്ട് അസസ്മെന്റ് (ഇഐഎ). ഇന്ത്യയില് ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇഐഎ നിലവിലുണ്ട്. ഇതനുസരിച്ച് വ്യവസായിക പ്രൊജക്റ്റ് അടിസ്ഥാന പദ്ധതികള്‍ക്ക് ശരിയായ മേല്‍നോട്ടം ഇല്ലാതെ അംഗികാരം ലഭിക്കില്ല. കൂടാതെ ഈ നിയമം അനുസരിച്ച് നിലനില്‍പ്പ് ഉറപ്പു വരുത്തുന്ന വികസനമേ സുസ്ഥിരമാകൂകയുള്ളു.
എന്നാല്‍ ഇതിനൊക്കെ വിപരിതമാണ് ഇപ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കൊണ്ടുവന്നിരിക്കുന്ന വിജ്ഞാപനം.ഇത് പ്രകാരം 34 വര്‍ഷമായി ഇന്ത്യ കണ്ട ഒട്ടുമിക്ക പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ഇല്ലാതാകും.
പരിസ്ഥിതി ആഘാതപഠനത്തിലെ ഭേദഗതികള്‍ നടപ്പിലായാല്‍ ഇന്ത്യയിലെ വനനശികരണം ക്രമാതീതമായി ഉയരുകയും , പ്രകൃതി നശികരണം മൂലം പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നുണ്ട്. മാത്രമല്ല കൊറോണ പോലെയുള്ള മഹാമാരികള്‍ക്ക് കടന്നു വരാനുള്ള വഴി തുറക്കുക കൂടിയാണ് ചെയ്യുന്നത്.
വലിയ തോതിലുള്ള പാരിസ്ഥിതിക ലംഘനങ്ങൾ നടപ്പിലാക്കാനുള്ള തന്ത്രമാണ് ഈ നിയമത്തിലെ പുതിയ മാറ്റങ്ങള്‍ എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തില്‍ പരിസ്ഥിതി വിരുദ്ധ, ജനവിരുദ്ധ നടപടി എന്ന് ഇതിനെ വിളിക്കുന്നതാകും ഉചിതം.
ഇഐഎ ഡ്രാഫ്റ്റ് 2020 അനുസരിച്ച് ഖനനം നടത്താനുള്ള അനുമതി 30 വര്‍ഷത്തില്‍ നിന്നും 50 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഖനനം നടത്തുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഇപ്പോഴും ഉണ്ടെന്നു ഓര്‍ക്കണം. 5 ഏക്കര്‍ വരെയുള്ള ഖനനങ്ങള്‍ക്ക് അപേക്ഷ നല്‍കിയാല്‍ മതി ഇനി മുതല്‍ അനുമതി നേടാനാകും. പ്രളയവും മണ്ണിടിച്ചിലും സ്ഥിരം അതിഥികളാകാന്‍ തുടങ്ങിയിട്ടും പഠനങ്ങള്‍ നടത്തുന്ന കാര്യത്തിനു പ്രസക്തിയില്ല. 70 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള പദ്ധതികള്‍ക്ക് മാത്രമേ പരിസ്ഥിതി പഠനം ,പൊതുതെളിവെടുപ്പ് എന്നിവ ആവശ്യമുള്ളു എന്നും പറയുന്നുണ്ട്.
ക്ലീയറന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്രോജക്ടുകള്ക്കായുള്ള 2017 മാര്‍ച്ചിലെ വിഞ്ജാപനത്തിന്റെ തനിയാവര്‍ത്തനം കൂടിയാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഇഐഎ ഡ്രാഫ്റ്റ് 2020 .
പുതിയ ഡ്രാഫ്റ്റിലേക്ക് തിരഞ്ഞെടുത്തിരിക്കുന്ന പ്രോജക്ടുകളുടെ പട്ടിക പൊതുജന പങ്കാളിത്തത്തില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. നവീകരണം,ജലസേചനപദ്ധതികള്‍,കെട്ടിടനിര്‍മാണ – പ്രാദേശിക വികസന പദ്ധതികള്‍,ദേശിയപാത വിപുലികരണം, എന്നിവ ഉള്‍പ്പെട്ടതാണ് പട്ടിക.
കൂടാതെ പദ്ധതി വേഗത്തിലാക്കാന്‍ പൊതുഹിയറിംഗിന്‍റെ സമയം വെട്ടികുറച്ചു എങ്കിലും, ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് ഇഐഎ ഡ്രാഫ്റ്റ് 2020 പഠിച്ചു എതിര്‍പ്പ് അറിയിക്കാനുള്ള അവസാന തിയതി ,2020 ആഗസ്റ്റ് 11 വരെയാക്കി നീട്ടിയിട്ടുണ്ട്.
പ്രകൃതിയോട് ചേർന്നുള്ള വികസനമാണ് ജൈവവൈവിധ്യത്തിന്റെ ആയുസ് നിശ്ചയിക്കുക. ഒരിറ്റ് ശുദ്ധവായുവിനായി അലയുന്ന നാളുകൾ ഏറെ അകലെയല്ല. ജീവന്റെ നിലനിൽപ്പിനാധാരം ഭൂമി തന്നെയെന്ന് തിരിച്ചറിഞ്ഞെ മതിയാകൂ. അതുകൊണ്ട് കാത്തു സൂക്ഷിക്കാം ഭൂമിയെ ഇനിയുള്ള തലമുറകൾക്കു വേണ്ടി കൂടി. പ്രതിരോധിക്കാം വികസനത്തിന്റെ പേരിൽ പ്രകൃതിയോട് ചെയ്യുന്ന ദ്രോഹങ്ങൾ.
Discussion about this post