ലോകത്തിലെ തന്നെ ഏറ്റവും വിശിഷ്ടമായ പഴമാണ് മാങ്കോസ്റ്റിന്‍. പഴങ്ങളുടെ റാണിയെന്നാണ് മാങ്കോസ്റ്റിന്‍ അറിയപ്പെടുന്നത്. മലേഷ്യന്‍ ഉപദ്വീപുകളും തെക്കുകിഴക്കന്‍ രാജ്യങ്ങളുമാണ് ഉത്ഭവകേന്ദ്രങ്ങളെങ്കിലും കേരളത്തിലും ഇന്ന് മാങ്കോസ്റ്റിന് പ്രിയമേറി വരികയാണ്. കേരളത്തിലെ ഉഷ്ണമേഖല കാലാവസ്ഥയില്‍ മാങ്കോസ്റ്റിന്‍ നന്നായി വളരുകയും കായ്ഫലം തരികയും ചെയ്യുന്നുണ്ട്. കേരളത്തില്‍ വയനാട്, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് വലിയ രീതിയില്‍ മാങ്കോസ്റ്റിന്‍ കൃഷി ചെയ്തുവരുന്നത്.
ക്ലോസിയേസി സസ്യകുടുംബത്തില്‍പ്പെട്ട മാങ്കോസ്റ്റിന്റെ ശാസ്ത്രനാമം ഗാര്‍സിനിയ മാങ്കോസ്റ്റാന എന്നാണ്. ഇരുപത്തിയഞ്ചാളം മീറ്റര്‍ ഉയരത്തില്‍ ശാഖകളായി വളരുന്ന മരമാണ്. നട്ട് ആറ്-ഏഴ് വര്‍ഷം മുതല്‍ വിളവെടുക്കാന്‍ സാധിക്കും. പ്രായമായ ഒരു മരത്തില്‍ നിന്ന് പ്രതിവര്‍ഷം രണ്ടായിരത്തോളം പഴങ്ങള്‍ ലഭിക്കും.
ഗുണങ്ങള്‍
പോഷകകലവറയാണ് മാങ്കോസ്റ്റിന്‍ പഴങ്ങള്‍. മാങ്കോസ്റ്റിന്‍ കഴിക്കുന്നത് ഹൃദയത്തിന്റെ സംരക്ഷണത്തിന് ഉത്തമമാണ്. ഭക്ഷ്യയോഗ്യമല്ലെങ്കിലും പുറംതോടും ഔഷധനിര്‍മ്മാണത്തിന് ഉപയോഗിച്ചുവരുന്നു.
കൃഷിരീതി
വേനല്‍മഴ നന്നായി പെയ്യുന്ന വര്‍ഷങ്ങളിലും മണ്‍സൂണ്‍ നേരത്തെ ശക്തി പ്രാപിക്കുമ്പോഴും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് തൈകള്‍ നടേണ്ടത്. വിത്തുപയോഗിച്ചാണ് പ്രധാനമായും തൈകള്‍ മുളപ്പിക്കുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള, ധാരാളം ജൈവാംശവും പി.എച്ച്.മൂല്യം 5 നും 6 നും ഇടയ്ക്കുള്ള മണ്ണാണ് മാങ്കോസ്റ്റിന്‍ കൃഷിക്ക് അനുയോജ്യം. മണ്ണിനടിയില്‍ പാറയില്ലാത്ത സ്ഥലത്താണെങ്കില്‍ മാങ്കോസ്റ്റിന്‍ നന്നായി വളരും. മാങ്കോസ്റ്റിന്‍ ചെടികളുടെ ആഹാരം വലിച്ചെടുക്കുന്ന വേരുകള്‍ ഉപരിതലത്തില്‍തന്നെ വളരുന്നതിനാല്‍ മണ്ണ് ഇളക്കാന്‍ പാടില്ല. നല്ല ജൈവാംശമുള്ള മണ്ണ് തുടര്‍ച്ചായി ഇട്ടുകൊടുക്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്തും.തനിവിളയായി കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ 30 അടി അകലം പാലിക്കാവുന്നതാണ്. തൈകള്‍ നട്ട് നാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാര്‍ശ്വശിഖരങ്ങളെ ചെറിയ രീതിയില്‍ പ്രൂണ്‍ ചെയ്ത് മരങ്ങള്‍ ഇന്‍വേര്‍ട്ടഡ് പരാബോളയുടെ ആകൃതിയില്‍ രൂപപ്പെടുത്തുന്ന രീതി തായ്ലന്റില്‍ വളരെ സാധാരണമാണ്.
കാലിവളം, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളാണ് മാങ്കോസ്റ്റിന്റെ വളര്‍ച്ചയ്ക്ക് നല്ലത്. വിത്തുമുളപ്പിച്ചുണ്ടാകുന്ന ചെടികള്‍ കായ്ച്ച് തുടങ്ങാന്‍ 15 വര്‍ഷം വരെയും ഗ്രാഫ്റ്റ് ചെയ്തവ കായ്ക്കാന്‍ 7 വര്‍ഷം വരെയും സമയം ആവശ്യമാണ്. കായ്കള്‍ക്ക് വയലറ്റ് നിറമാകുമ്പോള്‍ വിളവെടുക്കാം. ഏപ്രില്‍ മുതല്‍ ജൂണ്‍ മാസങ്ങളിലാണ് വിളവെടുപ്പ്.
Discussion about this post