തേന്‍ വളരെ കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിന് തേനിലെ ജലാംശം നീക്കം ചെയ്യണം. തേനില്‍ സ്വാഭാവികമായി കാണുന്ന ഈസ്റ്റ് കോശവും നീക്കം ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ തേന്‍ പുളിച്ചു പോകാന്‍ ഇടയുണ്ട്. അതിനാല്‍ തേന്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കണം.
തേന്‍ സംസ്‌ക്കരിക്കേണ്ടത് എങ്ങനെ?
ഒരു വലിയ അലൂമിനിയം ചെരുവം, മൂന്ന് സ്്റ്റീല്‍ ചെരുവങ്ങള്‍, സ്റ്റീല്‍ തവി, തേന്‍ അരിച്ചൊഴിക്കുന്നതിനുള്ള വെളുത്ത വൃത്തിയുള്ള ഒരു തുണി, താപമളക്കുന്നതിനുള്ള തെര്‍മോമീറ്റര്‍ എന്നിവയാണ് തേന്‍ സംസ്‌ക്കരിക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍.
ഗ്യാസ് സ്റ്റൗവില്‍ അലൂമിനിയം ചെരുവം വെച്ച് അതില്‍ മൂന്ന് കല്ലുകള്‍ അടുപ്പു പോലെ വെക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കുക. തേന്‍ നിറച്ച പാത്രം ഈ അലൂമിനിയം ചെരുവത്തിനകത്തേക്ക് ഇറക്കി വെക്കുക. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം അലൂമിനിയം പാത്രത്തില്‍ വെച്ചിരിക്കുന്ന വെള്ളത്തിന്റെ മുകള്‍പരപ്പ് തേനിന്റെ മുകള്‍പരപ്പിന് മുകളിലായിരിക്കണം. അല്ലെങ്കില്‍ തേന്‍ കരിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. തേനിന്റെ ചൂട് 45 ഡിഗ്രി എത്തുമ്പോള്‍ ഈ പാത്രം ഇതില്‍ നിന്ന് മാറ്റി തേന്‍ അരിച്ച് മറ്റൊരു സ്റ്റീല്‍ പാത്രത്തിലേക്ക് മാറ്റുക. ഇനി ആദ്യം ചെയ്തതു പോലെ രണ്ടാമത്തെ പാത്രം വീണ്ടും വെള്ളത്തിനുള്ളിലേക്ക് ഇറക്കിവെക്കുക.65 ഡിഗ്രി അല്ലെങ്കില്‍ പരമാവധി 63 ഡിഗ്രി സെല്‍ഷ്യസില്‍ വരെയെത്തുമ്പോഴേക്കും ആ ചൂടില്‍ തന്നെ ഒരു അഞ്ച് മിനിറ്റോളം തേന്‍ ചൂടാക്കേണ്ടതുണ്ട്. തേന്‍ ചൂടാക്കി കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് തവി കൊണ്ട് ഇളക്കിക്കൊടുക്കണം. എല്ലാ ഭാഗത്തേക്കും ചൂട് ഒരു പോലെ എത്തുന്നതിന് വേണ്ടിയാണിത്. മുകള്‍ ഭാഗത്ത് രൂപപ്പെടുന്ന പതയും മറ്റ് മാലിന്യങ്ങളും ഇടയ്ക്ക് മാറ്റിക്കൊടുക്കണം. അല്ലെങ്കില്‍ ജലാംശം പൂര്‍ണമായും ബാഷ്പീകരിച്ച് പോകുകയില്ല. ഒരു കാരണവശാലും തേന്‍ നേരിട്ട് ചൂടാക്കരുത്.
തേനിന്റെ ചൂട് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ചൂട് അധികമായാല്‍ തേനിലുള്ള പഞ്ചസാരകള്‍ വിഘടിച്ച് ഹൈഡ്രോക്‌സി മീഥൈല്‍ ഫര്‍ഫ്യൂറല്‍(HMF) എന്നൊരു പദാര്‍ത്ഥം രൂപപ്പെടും. ഇത് തേനിന്റെ ഗുണമേന്മ നഷ്ടപ്പെടാന്‍ ഇടയാക്കും.
തേന്‍ ചൂടാക്കി 60 ഡിഗ്രി എത്തി അഞ്ച് മിനിറ്റ് കഴിയുമ്പോള്‍ പാത്രം അടുപ്പില്‍ നിന്ന് മാറ്റാവുന്നതാണ്. ഇത് അടുത്തൊരു സ്റ്റീല്‍ പാത്രത്തിലേക്ക് വീണ്ടും അരിച്ചൊഴിക്കുക. വൃത്തിയുള്ള തുണി കൊണ്ട് പാത്രം മൂടിവെക്കാവുന്നതാണ്. പിറ്റെ ദിവസം തേന്‍ നന്നായി തണുത്ത ശേഷം വൃത്തിയുള്ള, ഈര്‍പ്പമില്ലാത്ത കുപ്പികളില്‍ നിറച്ച് തേന്‍ ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി
Discussion about this post