കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ ഇന്ന് കൃഷിയിറക്കുന്നത് കൂട്ടമായെത്തി കൃഷി താറുമാറാക്കുന്ന കാട്ടുപന്നികളെ പേടിച്ചുകൊണ്ടാണ്. മലയോര മേഖലകളിലെ കര്‍ഷകരുടെ ഒരു പ്രധാന ശത്രുവാണ് കാട്ടുപന്നി. സസ് സ്ക്രോഫ എന്നാണ് കാട്ടുപന്നിയുടെ ശാസ്ത്രനാമം. കുറ്റിക്കാടുകളും ഉള്‍പ്രദേശങ്ങളുമാണ് ഇവയുടെ ആവാസ കേന്ദ്രം. പകല്‍ സമയം ഇവ അവിടെയാകും. രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളിലേക്ക് തീറ്റ തേടിയിറങ്ങും. ഉയര്‍ന്ന പ്രത്യുല്‍പ്പാദന ശേഷിയും ശത്രുമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും കാട്ടുപന്നികളുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുന്നതിന് കാരണമായി.
കൃഷിയിടങ്ങളിലെത്തുന്ന പന്നികള്‍ എല്ലായിനം വിളകളെയും ഒരു പോലെ ആക്രമിക്കുന്നു. കാട്ടുപന്നികള്‍ അവയുടെ തേറ്റ ഉപയോഗിച്ച് വിളകള്‍ പിഴുതെടുത്ത് ചവിട്ടി നശിപ്പിക്കുകയും തിന്ന് നാശമുണ്ടാക്കുകയും ചെയ്യുന്നത് മൂലം കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നു.
വനപ്രദേശങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പ്രദേശങ്ങളില്‍ ഇവയുടെ ആക്രമണം രൂക്ഷമാണ്. വന്യമൃഗ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ കാട്ടുപന്നികളെ നശിപ്പിക്കാനും സാധിക്കില്ല. ഇവയെ അകറ്റി നിര്‍ത്താനുള്ള പല വിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ട കര്‍ഷകര്‍ കൃഷി തന്നെ ഉപേക്ഷിക്കുന്ന നിലയിലെത്തി. അവിടെയാണ് കര്‍ഷകര്‍ക്ക് ആശ്വാസമായി കാട്ടുപന്നികളെ കൃഷിയിടങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പുതിയൊരു മാര്‍ഗവുമായി കേരള കാര്‍ഷിക സര്‍വകലാശാല രംഗത്തെത്തിയത്.
ബോറെപ്പ് എന്ന വസ്തുവാണ് കാര്‍ഷിക സര്‍വകലാശാല അവതരിപ്പിച്ചിരിക്കുന്നത്. കാട്ടുപന്നികള്‍ ഒരു വിളയെ കണ്ടുപിടിക്കുന്നത് മണം പിടിച്ചാണ്.ആ മണത്തിന് തടസമുണ്ടാക്കുന്നതാണ് ബോറെപ്പ്. അതിരൂക്ഷമായ ഗന്ധമുള്ള ഒരു വസ്തുവാണ് ബോറെപ്പ്. കിഴികെട്ടിയോ വിതറിക്കൊടുത്തോ ബോറെപ്പ് ഉപയോഗിക്കാം. വിഷമയമല്ലാത്ത വസ്തുക്കള്‍ കൊണ്ടാണ് ബോറെപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. തരി രൂപത്തിലുള്ളതിനാല്‍ മറ്റ് പദാര്‍ത്ഥങ്ങളുമായി കൂട്ടിക്കലര്‍ത്താതെ തന്നെ ഇവ കര്‍ഷകര്‍ക്ക് നേരിട്ട് കൃഷിയിടങ്ങളില്‍ പ്രയോഗിക്കാം. 25 ഗ്രാം വീതം കോട്ടണ്‍ തുണികളില്‍ കിഴികളാക്കിയാണ് ബോറെപ്പ് കൃഷിയിടത്തില്‍ ഉപയോഗിക്കേണ്ടത്. ഈ കിഴികള്‍ മഴ നനയാതെ ചെറിയ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് സംരക്ഷിക്കണം. ഇങ്ങനെ തയ്യാറാക്കിയ ബോറെപ്പ് കിഴികള്‍ കൃഷിയിടത്തിന് ചുറ്റുമായി 2-3 മീറ്റര്‍ അകലത്തില്‍ സ്ഥാപിക്കണം.നിലത്ത് നിന്ന് ഏകദേശം 10 സെന്റിമീറ്റര്‍ അകലത്തില്‍ ഉയരവുമുണ്ടാകണം. ഇതുകൂടാതെ കൃഷിയിടത്തിന് ചുറ്റും വിതറുകയും ചെയ്യാം.
ബോറെപ്പ് ഉപയോഗിക്കേണ്ടത് എങ്ങനെ?
ഒരേക്കറിന് 2 കിലോ ബോറെപ്പ് ആവശ്യമായി വരും.കിലോയ്ക്ക് 100 രൂപയാണ് വില. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജില്‍ ബോറെപ്പ് ലഭ്യമാണ്. ഒരു തവണ ബോറെപ്പ് ഉപയോഗിച്ചാല്‍ ഏതാണ്ട മൂന്നാഴ്ചത്തേക്ക് പന്നിശല്യം കുറവായിരിക്കും. അതിന് ശേഷം വീണ്ടും ബോറെപ്പ് ഉപയോഗിക്കാം.അതേസമയം ബോറെപ്പ് എന്ന ഒറ്റമാര്‍ഗത്തിലൂടെ മാത്രം കാട്ടുപന്നി നിയന്ത്രണം ഫലവത്താകില്ല.ഇതിനായി വിവിധ യാന്ത്രിക ജൈവിക രാസമാര്‍ഗങ്ങള്‍ സംയോജിപ്പിക്കുന്നതാണ് ഉത്തമം.
കാട്ടുപന്നി നിയന്ത്രണം യാന്ത്രികരീതിയില്
കാട്ടുപന്നിക്ക് മാര്‍ഗതടസമുണ്ടാക്കുകയാണ് യാന്ത്രിക രീതിയില്‍ ചെയ്യുന്നത്. വിവിധ തരം വേലികളാണ് ഇതില്‍ പ്രധാനപ്പെട്ടത്. കൃഷിയിടത്തിന് ചുറ്റുമായി മുള്ളുവേലികള്‍ കെട്ടുന്നതാണ് ഒരു മാര്‍ഗം. മൂന്നു നിരകളെങ്കിലും ഉണ്ടാവുകയും ആദ്യ കമ്പിയില്‍ നിന്നും ഒരടിയില്‍ താഴെ ഉയരത്തിലാവുകയും വേണം. ഉറപ്പുള്ള കമ്പി വേലികള്‍ കെട്ടിയും കാട്ടുപന്നികളെ തടയാം. കൂടുതല്‍ കാലം നിലനില്‍ക്കുമെന്നത് ഇതിന്റെ മെച്ചമാണ്. വൈദ്യുത കമ്പിവേലികളും ഈട് നില്ക്കുന്ന ഒരു സ്ഥിരം മാര്‍ഗമായി ഉപയോഗിക്കുന്നു. കൃഷിയിടത്തിന് ചുറ്റും കമ്പിവേലകള്‍ കൊണ്ട് കെട്ടിയ ശേഷം ഇതിലൂടെ 12 വാള്‍ട്ട് വൈദ്യുതി കടത്തിവിടണം. വൈദ്യുതാഘാതമേല്‍ക്കുന്ന പന്നികളുടെ അലര്‍ച്ച മറ്റ് പന്നികളെ കൂടി കൃഷിയിടത്തില്‍ നിന്നും അകറ്റുന്നു എന്നതാണ് ഇതിന്റെ മെച്ചം. ഇതിനോടൊപ്പം ജിഐ കമ്പിവേലികളും മറ്റ് പല തരം കമ്പിവേലികളുമെല്ലാം പന്നികള്‍ക്ക് മാര്‍ഗതടസമുണ്ടാക്കാനായി ഉപയോഗിക്കുന്നു.
കൃഷിയിടത്തിന് ചുറ്റും മീന്‍വല ഉപയോഗിച്ച് കെട്ടുന്നത് പന്നികളില്‍ നിന്നും വിളകളെ രക്ഷിക്കാന്‍ ഫലപ്രദമാണെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 7 അടി വീതിയുള്ള വല നിലത്ത് നിന്ന് 4 അടി ഉയരത്തിലാണ് കെട്ടേണ്ടത്. മണ്ണില്‍ വിരിക്കുന്ന മൂന്നടി കൃഷിയിടത്തില്‍ നിന്നും പുറത്തേക്കാവാന് ശ്രദ്ധിക്കണം.
കാര്‍ഷിക സര്‍വകലാശാല രൂപകല്‍പ്പന ചെയ്ത ഓട്ടോമാറ്റിക് ക്രാക്കര്‍ സ്റ്റേഷന് ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ പടക്കം പൊട്ടിക്കുന്നതും കാട്ടുപന്നിയെ അകറ്റാനുള്ള ഒരു യാന്ത്രിക മാര്‍ഗമാണ്.
രാസമാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പന്നികള്‍ക്ക് ജീവഹാനി വരുത്തുന് രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനാകാത്തത് കൊണ്ടുതന്നെ ശക്തമായ ഗന്ധം പുറപ്പെടുവിച്ച് പന്നികളെ അകറ്റുകയെന്നതാണ് മാര്‍ഗം. ബോറെപ്പിനോടൊപ്പം മറ്റ് ചില രാസകൂട്ടുകളും തരി രൂപത്തിലുള്ള കീടനാശിനികളുമൊക്കെ ഇതിനായി ഉപയോഗിക്കുന്നുണ്ട്.
കാട്ടുപന്നികളെ നിയന്ത്രിക്കാനുള്ള മറ്റൊരു മാര്‍ഗമാണ് മുട്ടലായനി തളിക്കല്‍. പന്നികളുടെ മണം പിടിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ചെയ്യുന്നത്. 1 ലിറ്റര്‍ വെള്ളത്തില്‍ 20 മില്ലി മുട്ടലായനി എന്ന തോതിലാണ് കൃഷിയിടത്തിന് ചുറ്റുമായി തളിക്കുന്നത്. പന്നിശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ 10 ദിവസത്തിലൊരിക്കല്‍ ഇത് ആവര്‍ത്തിക്കാവുന്നതാണ്.
ഈ മാര്‍ഗങ്ങളിലൊന്നും സ്ഥിരമായി ഉപയോഗിക്കാനാവില്ലെന്നതാണ് കാട്ടുപന്നി നിയന്ത്രണത്തിലെ പ്രധാന വെല്ലുവിളി. നിയന്ത്രണമാര്‍ഗങ്ങളെ എളുപ്പം തിരിച്ചറിയാനും അവയെ മറികടക്കാനുമുള്ള കഴിവ് കാട്ടുപന്നികള്ക്കുള്ളതിനാല് വിവിധ നിയന്ത്രണ മാര്‍ഗങ്ങള്‍ സംയോജിപ്പിച്ചുള്ള രീതിയാണ് പ്രായോഗികവും ഫലപ്രദവും.
വിവരങ്ങള്‍ക്ക് കടപ്പാട്: കോളേജ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍, വെള്ളാനിക്കര, തൃശൂര്‍
ഫോണ്‍: 0487 2438475, 2438476
Discussion about this post