കേരളത്തിലെ വീട്ടുവളപ്പുകളിലെ പ്രധാന പഴവര്‍ഗ വിളയാണ് വാഴ. തനി വിളയായും ഇടവിളയായും വാഴ കൃഷി ചെയ്യാറുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലും കേരളത്തില്‍ വിവിധ ഇനങ്ങള്‍ കൃഷി ചെയ്തു വരുന്നു. മറ്റു വിളകളിലെ പോലെ വാഴക്കൃഷിയിലും നഷ്ടമുണ്ടാക്കുന്ന നിരവധി കീടങ്ങളുണ്ട്. ഇവയെ തിരിച്ചറിയുകയും യഥാസമയം നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്താലേ നഷ്ടം ഒഴിവാക്കാനാകൂ.
വാഴക്കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കുന്ന രണ്ട് കീടങ്ങളാണുള്ളത്. ചെല്ലിവര്‍ഗത്തില്‍പ്പെട്ട തടതുരപ്പന്‍ പുഴുവും മാണവണ്ടുമാണ്. ഇതുകൂടാതെ ഇലതീനിപ്പുഴുക്കള്‍, നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍, മണ്ടരി, നീലിമൂട്ടുകള്‍, നിമാവിരകള്‍ തുടങ്ങിയവയും പലതരം നാശങ്ങളുണ്ടാക്കുന്നു. ഇവയുടെ ആക്രമണ രീതികളും നിയന്ത്രണമാര്‍ഗങ്ങളും അറിയുന്നതിലൂടെ വാഴക്കൃഷി ഏറെ ലാഭകരമാക്കാനാകും.
ഇന്ന് കേരളത്തില്‍ വാഴക്കൃഷിക്ക് ഏറ്റവും ഭീഷണിയായിട്ടുള്ള കീടമാണ് ഒഡോയിപ്പോറസ് ലോഞ്ചിക്കോളിസ് എന്ന ശാസ്ത്രനാമമുള്ള തടതുരപ്പന്‍ പുഴു അഥവാ പിണ്ടിപ്പുഴു. വണ്ടുകള്‍ക്ക് കറുപ്പോ ചുവപ്പു കലര്‍ന്ന തവിട്ടോ നിറമായിരിക്കും. കേരളത്തില്‍ കൃഷി ചെയ്യുന്ന മിക്കയിനങ്ങളും ഇവയുടെ ആക്രമണത്തിന് വിധേയമാണ്. പെണ്‍വണ്ടുകള്‍ വാഴത്തടയില്‍ സുഷിരങ്ങളുണ്ടാക്കിയാണ് ഉള്ളിലേക്ക് മുട്ടകള്‍ നിക്ഷേപിക്കുന്നത്. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കളാണ് ഉള്‍ഭാഗം കാര്‍ന്നുതിന്നുന്നത്. ക്രീം നിറവും ചുവപ്പുതലയുമുള്ള കാലുകളില്ലാത്ത തടിച്ച പുഴുക്കളാണിവ. ഒരു മാസം കഴിഞ്ഞ സമാധിദശ പ്രാപിക്കുകയും വീണ്ടും രണ്ടാഴ്ച കൊണ്ട് വണ്ടുകളായി പുറത്തുവരികയും ചെയ്യുന്നു. പുഴുക്കളും വണ്ടുകളും വാഴപ്പിണ്ടി തന്നെയാണ് ഭക്ഷിക്കുന്നത്. വാഴ നട്ട് 5-6 മാസം കഴിയുമ്പോഴാണ് പിണ്ടിപ്പുഴുവിന്റെ ആക്രമണം തുടങ്ങുന്നത്. തടയില്‍ കാണുന്ന കറുപ്പോ ചുവപ്പോ ആയ കുത്തുകളും അവയില്‍ നിന്ന് ഒലിക്കുന്ന കൊഴുപ്പുള്ള ദ്രാവകവുമാണ് ആക്രമണത്തിന്റെ ആദ്യ ലക്ഷണങ്ങള്‍.
കുല ഏകദേശം മൂത്തുതുടങ്ങുമ്പോഴേക്കും പിണ്ടിയുടെ ഉള്‍ഭാഗം നശിക്കുകയും വാഴ ഒടിഞ്ഞു പോകുകയും ചെയ്യും.പിണ്ടിപ്പുഴുവിന്റെ ആക്രമണം നേരത്തെ തുടങ്ങുന്ന വാഴകള്‍ കുലയ്ക്കാന്‍ താമസിക്കുകയോ തീരെ ചെറിയ കുലകള്‍ മാത്രം ഉണ്ടാവുകയോ ചെയ്യും. വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കുക എന്നത് പ്രധാനമാണ്. കീടബാധയുള്ള പിണ്ടികള്‍ വെട്ടിമാറ്റി നശിപ്പിക്കണം. ഒടിഞ്ഞുതൂങ്ങുന്ന ഇലകള്‍ കൃത്യമായി മുറിച്ചു മാറ്റുന്നത് വണ്ടുകള്‍ ഒളിച്ചിരിക്കുന്നത് ഒഴിവാക്കാനും തടയില്‍ കുത്തുകള്‍ വീണാല്‍ ഉടന്‍ കാണാനും സഹായിക്കും. വാഴത്തട കെണികള്‍ ഒരുക്കിവെച്ച് വണ്ടുകളെ ആകര്‍ഷിച്ച് നശിപ്പിക്കാം. മിത്രകുമിളായ ബ്യുവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി വാഴത്തടകളിലും മറ്റും തളിച്ചുകൊടുക്കാം. വാഴ നട്ട് 5,6,7 മാസങ്ങളില്‍ മിത്ര നിമാവിര തുടങ്ങിയ കഡാവറുകള്‍ ഒരു വാഴയ്ക്ക് 4 എണ്ണം എന്ന തോതില്‍ ഇലക്കവിളുകളില്‍ നിക്ഷേപിക്കുന്നതും പിണ്ടിപ്പുഴുവിനെതിരെ ഫലപ്രദമാണ്.
ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍ക്കൊപ്പം ആവശ്യമാണെങ്കില്‍ മാത്രം ക്ലോര്‍പൈറിഫോസ്(2.5 മില്ലി) അല്ലെങ്കില്‍ ക്യൂനാല്‍ഫോസ് (4 മില്ലി)ഒരു ലിറ്റര്‍ വെള്ളത്തില്‍ പശ ചേര്‍ത്ത് തളിക്കുക.
ചെല്ലിവര്‍ഗത്തില്‍പ്പെട്ട മറ്റൊരു കീടമാണ് കോസ്‌മോപൊളിറ്റസ് സോര്‍ഡിഡസ് എന്ന ശാസ്ത്രനാമമുള്ള മാണവണ്ട്. പിണ്ടിപ്പുഴുവിനോട് രൂപസാദൃശ്യമുള്ള ഇവ വാഴയുടെ മാണത്തിലോ തടയുടെ ചുവട്ടിലോ മുട്ടയിടുന്നു. വണ്ടുകളും വിരിഞ്ഞിറങ്ങുന്ന പുഴുക്കളും മാണം തുരന്ന് തിന്നുനശിപ്പിക്കുന്നു. പ്രാരംഭ ദിശയില്‍ കൂമ്പടയ്ക്കുകയും ആരോഗ്യം നശിച്ച് വളര്‍ച്ച മുരടിക്കുകയും ചെയ്യും. മാണവും വേരുകളും അഴുകും. വാഴയുടെ പൊതുവെയുള്ള അനാരോഗ്യമാണ് പുറമെ കാണുന്ന ലക്ഷണം. മാണം ചീഞ്ഞ് ഉള്ളില്‍ ദ്വാരങ്ങളും കറുത്ത അവശിഷ്ടങ്ങളുമുണ്ടാകും. കരിക്കന്‍കുത്ത് എന്നാണ് കര്‍ഷകര്‍ ഇതിനെ പറയുക.
ആരോഗ്യമുള്ള തോട്ടങ്ങളില്‍ നിന്നുള്ള കന്നുകള്‍ വേണം നടാനായി ഉപയോഗിക്കാന്‍. രോഗകീട ബാധയില്ലാത്ത സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം. ഏതാണ്ട് ഒരു കിലോ ഭാരവും 30-40 സെന്റിമീറ്റര്‍ ചുറ്റളവുമുള്ള കന്നുകളാണ് നല്ലത്. കന്നുകള്‍ ചെത്തി വൃത്തിയാക്കി സ്യൂഡോമോണാസ് (20 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍) ലായനിയില്‍ അരമണിക്കൂര്‍ മുക്കി വെച്ച ശേഷം നടുക. നടുന്നതിന് മുമ്പ് മണ്ണ് നന്നായി കിളച്ച് മറിച്ച് വെയില്‍ കൊള്ളിക്കുന്നതും മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതും പഴയ മാണങ്ങളിലുള്ള വിവിധ ദശകളെ നശിപ്പിക്കാന്‍ നല്ലതാണ്. പക്ഷികളും കീടാവശിഷ്ടങ്ങള്‍ ഭക്ഷിക്കാറുണ്ട്.
കന്ന് നടുമ്പോഴും 2,5 മാസങ്ങളിലും ചെടിച്ചുവട്ടില്‍ 10 സെന്റിമീറ്റര്‍ ആഴത്തില്‍ നാല് കുഴികള്‍ കുത്തി ഓരോ കുഴിയിലും മിത്ര നിമാവിര അടങ്ങിയ കഡാവറുകള്‍ നിക്ഷേപിക്കുന്നത് മാണവണ്ടുകളെ നശിപ്പിക്കാന്‍ ഫലപ്രദമാണ്. തോട്ടത്തിലെ അവശിഷ്ടങ്ങള്‍ യഥാസമയം നീക്കം ചെയ്ത് കൃഷിയിടം ശുചിയായി സൂക്ഷിക്കണം. കള നിയന്ത്രണം യഥാസമയം നടത്തണം. രൂക്ഷമായ ആക്രമണം കണ്ടാല്‍ തയാമെത്തോക്‌സാം അല്ലെങ്കില്‍ ഫിപ്രൊനില്‍ ഇവയിലേതെങ്കിലും ശുപാര്‍ശ ചെയ്യപ്പെട്ട അളവില്‍ വാഴ നടുമ്പോഴും,വാഴ നട്ട് 2,5 മാസം കഴിഞ്ഞും പിണ്ടിയില്‍ തളിച്ചുകൊടുക്കുകയോ തടത്തില്‍ പ്രയോഗിക്കുകയോ ചെയ്യാം. വാഴയ്ക്ക് നേരിട്ട് ദോഷം ചെയ്യില്ലെങ്കിലും മാരകമായ കുറുനാമ്പ്, കൊക്കാന്‍ തുടങ്ങിയ വൈറസ് രോഗങ്ങള്‍ ഒരു ചെടിയില്‍ നിന്നും മറ്റൊന്നിലേക്ക് പരത്തുന്ന കീടമാണ് പെന്റലോണിയ നൈഗ്രോനെര്‍വോസ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കറുത്തമുഞ്ഞ അഥവാ വാഴപ്പേന്‍. ഇവ വാഴത്തടയുടെ ചുവട്ടിലും ഇലക്കവിളുകളിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. രോഗമുള്ള ചെടികളില്‍ നിന്നും നീരൂറ്റിയശേഷം ആരോഗ്യമുള്ള ചെടികളില്‍ പോയി വീണ്ടും നീരൂറ്റുമ്പോള്‍ ഇവയുടെ ഉമിനീരിനൊപ്പം വൈറസും പകരുന്നു. മിത്രകുമിളായ ലെക്കാനിസീലിയം ലെക്കാനി ലായനി തയ്യാറാക്കി തളിക്കുന്നത് മുഞ്ഞകളെ നിയന്ത്രിക്കാന്‍ നല്ലതാണ്. വേപ്പധിഷ്ഠിത കീടനാശിനികളും പ്രയോഗിക്കാം. ആക്രമണം രൂക്ഷമാണെങ്കില്‍ വേപ്പെണ്ണ-സോപ്പ് ലായനി ഇലയുടെ ഇരുവശങ്ങളിലും വീഴത്തക്കവിധം പ്രയോഗിക്കാം. കുറുനാമ്പ് ബാധിച്ച വാഴകള്‍ ചുവടോട് കൂടി പിഴുത് നശിപ്പിക്കണം.
വാഴക്കൃഷി നഷ്ടത്തിലാക്കുന്ന ധാരാളം ഇലതീനി പുഴുക്കള്‍ തോട്ടങ്ങളില്‍ കാണാറുണ്ട്. പട്ടാളപ്പുഴു, കമ്പിളിപ്പുഴു, മുള്ളന്‍പ്പുഴു തുടങ്ങിയവയാണ് പ്രധാന ഇലതീനി പുഴുക്കള്‍. സ്‌പോഡോപ്റ്റീറ ലിറ്റിയൂറ എന്നറിയപ്പെടുന്ന പട്ടാളപ്പുഴുക്കള്‍ രോമങ്ങളില്ലാത്തവയാണ്. ഇവയുടെ ചെറുപുഴുക്കള്‍ കൂട്ടത്തോടെ ഇലയിലെ ഹരിതകം കാര്‍ന്നുതിന്ന് നശിപ്പിക്കുന്നു. കുറച്ചുകൂടി പ്രായമുള്ള പട്ടാളപ്പുഴുക്കള്‍ കൂമ്പിലിരുന്ന് നാമ്പുകള്‍ കാര്‍ന്നുതിന്നുന്നതിനാല്‍ ഇല വിരിയുമ്പോള്‍ ദ്വാരങ്ങള്‍ കാണപ്പെടുന്നു.പെരിക്കാലിയ റിസിനി എന്നാണ് കമ്പിളിപ്പുഴുവിന്റെ ശാസ്ത്രനാമം. ഇവയും കൂട്ടമായി വാഴയെ ആക്രമിച്ച് ഹരിതകം കാര്‍ന്നുതിന്ന് ഇലകള്‍ നശിപ്പിക്കുന്നു. മിറെസാ ഡെഡിഡെന്‍സ് എന്ന ഒച്ചുപുഴു ഒറ്റയ്ക്കും കൂട്ടമായും വാഴയിലകള്‍ നശിപ്പിക്കുന്നു. വാഴച്ചെങ്കണ്ണി അഥവാ ഇലചുരുട്ടിപ്പുഴുക്കളും ഇലകള്‍ക്ക് നാശമുണ്ടാക്കുന്നു. ഇലതീനിപ്പുഴുക്കള്‍ സാധാരണ വെയില്‍കുറഞ്ഞ സമയങ്ങളിലാണ് ആക്രമണം നടത്തുന്നത്. പകല്‍ സമയം ഇലക്കവിളുകളിലോ ചെടിയുടെ ചുവട്ടില്‍ ചപ്പുചവറുകളിലോ ഇവ ഒളിച്ചിരിക്കും. പുഴുക്കള്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ ആക്രമണം ശ്രദ്ധിച്ചാല്‍ ഇവയെ ശേഖരിച്ച് നശപ്പിക്കാന്‍ എളുപ്പമാണ്.
ഇലതീനിപ്പുഴുക്കളെ നശിപ്പിക്കാനായി ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയ്യാറാക്കിയ ലായന ഇലയുടെ മുകള്‍ഭാഗത്തും അടിഭാഗത്തും വീഴുന്ന തരത്തില്‍ തളിച്ചുകൊടുക്കണം. ബാസിലസ് തുറിന്‍ജിയന്‍സിസ് എന്ന മിത്ര ബാക്ടീരിയ അടങ്ങിയ ലായനി 3 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇലയുടെ ഇരുവശത്തും വീഴുന്ന തരത്തില്‍ തളിക്കുന്നതും നല്ലതാണ്. ആക്രമണം രൂക്ഷമായാല്‍ ക്യുനാല്‍ഫോസ് 4 മില്ലി 1 ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ പ്രയോഗിക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല, തൃശൂര്‍
Discussion about this post