ഇടുക്കി: ഏലം കർഷകർക്ക് ആശ്വാസ വാർത്തയുമായി സ്പൈസസ് ബോർഡ്. ലേല കേന്ദ്രങ്ങളിലെ റീ-പൂളിംഗിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലെ ഏലം കർഷകരുടെ ദീർഘകാല ആവശ്യമാണ് ഇതോടെ പരിഗണിച്ചിരിക്കുന്നത്.
ഒരിക്കൽ ലേലം വിളിച്ചെടുക്കുന്ന ഏലയ്ക്ക വീണ്ടും കൂടിയ വിലയ്ക്ക് ലേലത്തിൽ വയ്ക്കുന്നതിനെയാണ് റീ-പൂളിംഗ് എന്ന് പറയുന്നത്. ലൈസൻസുള്ള ഡീലർമാർ ലേലത്തിനായി ശേഖരിക്കുന്ന ഏലയ്ക്കയുടെ മൊത്തം അളവിന്റെ 25 ശതമാനത്തിൽ കൂടുതൽ റീ-പൂളിംഗ് നടത്താൻ പാടില്ലെന്നതാണ് പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. സർക്കുലർ നടപ്പാക്കാൻ ലൈസൻസുള്ള ലേല കമ്പനികളോട് ബോർഡ് നിർദ്ദേശിച്ചു. ഒരേ ഡീലർ തന്നെ പലതവണ ലേലം വിളിച്ചെടുക്കുന്ന ഏലയ്ക്ക ലേലകേന്ദ്രത്തിൽ വീണ്ടും വിൽപനയ്ക്ക് എത്തിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിനും ബോർഡ് നിയന്ത്രണമേർപ്പെടുത്തി.
ഒരു ദിവസം രണ്ട് ലേലങ്ങൾ എന്ന കണക്കിൽ 25 ടൺ ആയിരുന്നു ഒരു ലേലത്തിൽ ഡീലർമാർക്ക് റീ-പൂളിംഗ് നടത്താവുന്ന അളവ്. ഇതിലാണ് സ്പൈസസ് ബോർഡ് കത്തിവച്ചത്. നേരത്തെ ഉത്പന്നം വിപണിയിലേക്ക് പോകാതെ ലേല കേന്ദ്രത്തിൽ തന്നെ ചുറ്റിയിരുന്നതിനാൽ വിപണിയിലെ ഇടനിലക്കാരുടെ റീപൂളിംഗ് തട്ടിപ്പിൽ ഏലം കർഷകർക്ക് വൻ നഷ്ടമാണ് സംഭവിച്ചിരുന്നത്.
വിപണിയിൽ ആവശ്യത്തിന് ചരക്ക് ലഭിക്കാതെ വരുമ്പോൾ സ്വാഭാവികമായും വില വർദ്ധിക്കും. എന്നാൽ ഈ ആനുകൂല്യം കൈപ്പറ്റിയിരുന്നതാകട്ടെ റീ-പൂളിംഗ് നടത്തുന്ന ഇടനിലക്കാരായിരുന്നു. അദ്ധ്വാനിക്കുന്ന കർഷകന് ഗുണങ്ങൾ ലഭിക്കാതെ പോകുന്ന സാഹചര്യവുമും ഉണ്ടായിരുന്നു. വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്പൈസസ് ബോർഡ് ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
റീ പൂളിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് ഏലം ഉത്പാദക സ്ഥാപനമായ വണ്ടൻമേട് കാർഡമോം ഗ്രോവേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലേലത്തിൽ വ്യാപാരികൾക്ക് 100 ശതമാനം റീ പൂളിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഏലം ഡീലേഴ്‌സ് ചേംബർ എന്ന വ്യാപാരി സംഘടനയും കോടതിയെ സമീപിച്ചു. വിഷയത്തിൽ വിശദമായ പഠനം നടത്താൻ കോടതി സ്പൈസസ് ബോർഡിനോട് നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് കർഷകർക്ക് താങ്ങാവുന്ന തരത്തിലുള്ള സർക്കുലർ പുറപ്പെടുവിച്ചത്.
Discussion about this post