നമ്മുടെ ഭരണകൂടം കാർബൺ ന്യൂട്രാലിറ്റിയെക്കുറിച്ച് ഇപ്പോൾ മാത്രം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനിയും ചിന്തിക്കാത്ത സംസ്ഥാനങ്ങൾ ആണ് ഏറെയും. ഇന്ത്യ രണ്ടായിരത്തി എഴുപതോടെ കാർബൺ ന്യൂട്രൽ ആകാനുള്ള ശ്രമത്തിലാണ്.
എന്നാൽ ലോകത്ത് ഒരു രാജ്യം, അല്ല ഒരേ ഒരു രാജ്യം മാത്രമാണ് ഇന്ന് കാർബൺ ന്യൂട്രൽ എന്ന് പറയാവുന്ന നിലയിൽ ഉള്ളത്. അവർ കാർബൺ ന്യൂട്രൽ അല്ല, ഒരു പടി കൂടി കടന്നു കാർബൺ നെഗറ്റീവ് എന്ന നിലവാരത്തിലാണ്. അതായത് അവർ അന്തരീക്ഷത്തിലേക്കു ഉത്സർജ്ജിക്കുന്ന ഹരിത ഗൃഹ വാതകങ്ങളുടെ, പ്രത്യേകിച്ചും കാർബൻ ഡയോക്സ്യ്ഡ് ന്റെ പല മടങ്ങ് അവർ മണ്ണിലേക്കും മരങ്ങളിലേക്കും സങ്കലനം (sequestration ) നടത്തുന്നു.
ആ രാജ്യമത്രേ ഭൂട്ടാൻ.
നിർഭാഗ്യകരം എന്ന് പറയട്ടെ അങ്ങനെ ആയിട്ട് കൂടി (Carbon Neutral ) ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതി യാനത്തിന്റെയും ഏറ്റവും വലിയ ഇരയും അവരാണ് എന്നതാണ്.അവിടുത്തെ മലനിരകളിലെ ഹിമാനികൾ ഉരുകി ദ്രുത വെള്ളപ്പൊക്കം (flash floods ) പതിവായിരിക്കുന്നു. ഏതാണ്ട് 2400ഓളം glaciers അവിടെ ഉണ്ട്. അതെല്ലാം കൂടി ഉരുകിയാൽ ഉള്ള അവസ്ഥ.
ലോകത്തിലെ ഏറ്റവും കൂടുതൽ ആൾക്കാർ പാർക്കുന്ന രണ്ട് രാജ്യങ്ങൾക്കിടയിലായിട്ടാണ് അവരുടെ കിടപ്പ്. ഇന്ത്യയുടെയും ചൈനയുടെയും. ഭൂട്ടാനിലെ ജനസംഖ്യ വെറും ഏഴര ലക്ഷം മാത്രം.
GDP യെക്കാൾ പ്രാധാന്യം GNP യ്ക്ക്,സന്തോഷത്തിനു (Gross National Happiness )ന് നൽകുന്ന രാജ്യം.
വിസ്തൃതിയുടെ 70ശതമാനവും കാടുകൾ ആണ്. അറുപതു ശതമാനം വിസ്തൃതി കാടുകൾ ആയിരിക്കണം എന്ന് ഭരണ ഘടന വിഭാവനം ചെയ്തിരിക്കുന്ന രാജ്യം.
അരിയും ചോളവും ആണ് പ്രധാന കാർഷിക ഉത്പന്നങ്ങൾ.കൃഷിയിൽ പുറമേ നിന്നുള്ള രാസവസ്തുക്കളുടെ ഉപയോഗം പൂർണമായും നിയന്ത്രിച്ചിരിക്കുന്നു.
നദീജലത്തിന്റെ ശക്തി പ്രയോജനപെടുത്തി ഉണ്ടാക്കുന്ന വൈദ്യുതി മറ്റു രാജ്യങ്ങൾക്ക് വിൽക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നു.
കർഷകർക്ക് വൈദ്യുതി പൂർണമായും സൗജന്യമാണ്. വിറകുകൾ കത്തിച്ചു കാർബൺ ബഹിർഗമനം ഉണ്ടാകാതിരിക്കാനും കൂടി വേണ്ടിയാണ്.
ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി നൽകുന്നു. പൊതു ഗതാഗതം ശക്തിപ്പെടുത്തിയിരിക്കുന്നു.
ചികിത്സയും വിദ്യാഭ്യാസവും സൗജന്യം തന്നെ.
ജനസംഖ്യയിൽ എൺപതു ശതമാനം പേരും കാർഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്നു.
ടൂറിസ്റ്റുകൾക്ക് വലിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. അവിടം സന്ദർശിക്കണമെങ്കിൽ ഒരാൾക്ക് ഒരു ദിവസത്തേക്ക് 250 ഡോളർ സർക്കാരിലേക്ക് മുൻകൂട്ടി ടൂറിസ്റ്റുകൾ അടയ്ക്കണം.
ഇത് വരെ ഒരു അധിനിവേശവും നടന്നിട്ടില്ലാത്ത രാജ്യമാണ് ഭൂട്ടാൻ. അതിനാൽ തന്നെ അവർ അവരുടെ സാംസ്കാരിക തനിമ നില നിർത്തുന്നു.
ട്രാഫിക് ലൈറ്റ്കൾ ഇല്ലാത്ത രാജ്യം.ട്രാഫിക് നിയന്ത്രിക്കുന്നത് മനുഷ്യർ തന്നെ.
ജീവജാലങ്ങളെ കൊല്ലുന്നത് കുറ്റകരമായ രാജ്യം.ഇറച്ചി വേണ്ടവർക്ക് അത് ഇറക്കുമതി ചെയ്യുന്നു.
1999വരെ ടെലിവിഷനെ പടിയ്ക്ക് പുറത്ത് നിർത്തിയ രാജ്യം. അവിടെ സംപ്രേഷനം ചെയ്ത ആദ്യ TV പരിപാടി 1999ൽ ഫ്രാൻസിൽ നടന്ന ലോക ഫുട് ബോൾ ഫൈനൽ ആണ്.
പൊതു സ്ഥലത്തു പുകവലി നിരോധിച്ച രാജ്യം. പുകയില കൃഷിയും.
ടൂറിസ്റ്റുകൾക്ക് പുക വലിക്കണമെങ്കിൽ വലിയ തുക നികുതി സർക്കാരിലേയ്ക്ക് അടയ്ക്കണം.
പുരുഷന്മാർ ‘ഘോ’ എന്ന പാരമ്പരാഗത വസ്ത്രവും സ്ത്രീകൾ ‘കിരാ ‘എന്ന വസ്ത്രവും ധരിയ്ക്കണം എന്ന് നിർബന്ധമാണ്.
കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്ന് ഭൂട്ടാൻ ആണ്.
സ്ത്രീകൾക്കാണ് സ്വത്തവകാശം. കടകളും സ്ഥാപനങ്ങളും ഒക്കെ നടത്തുന്നതും സ്ത്രീകൾ ആണ്. കല്യാണം കഴിഞ്ഞാൽ പുരുഷൻ താമസിക്കാൻ പോകുന്നതും വധൂഗൃഹത്തിലേക്കാണ്.
ആരും തെരുവിൽ ഉറങ്ങാത്ത രാജ്യവും കൂടിയാണ് ഭൂട്ടാൻ.
എന്താ.. നമുക്ക് കഴിയുമോ മറ്റൊരു ഭൂട്ടാൻ ആകാൻ… ഏഴര ലക്ഷം ജനങ്ങൾ ഉള്ളത് പോലെയല്ലല്ലോ മുന്നൂറ്റി അൻപതു ലക്ഷം..
കാർബൺ ന്യൂട്രൽ ആകണം എന്ന് മേനി പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ വികസന സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമാണ് കാർബൺ ന്യൂട്രേലിറ്റി. നമ്മുടെ ആഡംബരങ്ങൾ ഒഴിവാക്കാൻ നമ്മൾ തയ്യാറാണെങ്കിൽ മാത്രം മതി അതുയർത്തിപ്പിടിച്ചു നടക്കൽ.
ഇവിടെ നമ്മൾ ‘Hunting with the hounds and running with the hare ‘ എന്ന നാട്യത്തിൽ ആണ്. ഗൗരവതരമായ രീതിയിൽ നിയന്ത്രണങ്ങൾ പാലിക്കുന്നില്ല. നമ്മുടെ സ്കൂൾ സിലബസിൽ കാർബൺ ന്യൂട്രേലിറ്റി പഠിപ്പിക്കുന്നില്ല. പിന്നെ ഒക്കെ ഒരു വഴിപാട്.
കുളിച്ചില്ലെങ്കിലും കൗപീനം പുരപ്പുറത്തു കിടക്കട്ടെ എന്ന മട്ട്.
തയ്യാറാക്കിയത്
പ്രമോദ് മാധവൻ
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ
ദേവികുളം
Discussion about this post