ധാരാളം പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിവിളയാണ് മുന്തിരി തക്കാളി. പേരു പോലെ മുന്തിരിയും തക്കാളിയും ചേര്‍ന്ന ചെടിയാണിത്. കറന്റ് ടുമാറ്റോ, സ്നാക് ടുമാറ്റോ, സ്പൂണ്‍ ടുമാറ്റോ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.തണുപ്പുള്ള കാലാവസ്ഥയിലാണ് ഇതു ധാരാളമായി വളരുക. കേരളത്തിലും മുന്തിരി തക്കാളി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഹൈറേഞ്ചുകളിലാണ് ഇപ്പോള്‍ ഇതിന്റെ കൃഷിയുള്ളത്.
സൊളാനിയേസി കുടുംബത്തില്‍പ്പെടുന്ന മുന്തിരി തക്കാളിയുടെ ശാസ്ത്രനാമം സൊളാനം പിസിനെല്ലിഫോളിയം എന്നാണ്. പച്ചക്കറിവിളയായും അലങ്കാരച്ചെടിയായും ഈ വിള വളര്‍ത്തുന്നുണ്ട്. മഞ്ഞയും ചുവപ്പും നിറം കലര്‍ന്ന അനേകം ഇനങ്ങള്‍ വിദേശരാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നു.
സാധാരണ തക്കാളി കൃഷി ചെയ്യുന്നത് പോലെ തന്നെയാണ് മുന്തിരി തക്കാളിയുടെയും കൃഷിരീതി. ഗ്രോബാഗുകളില്‍ വീട്ടുമുറ്റത്തും ടെറസിലും ചെടി വളര്‍ത്താം. തൈകള്‍ തയ്യാറാക്കി കൃഷിയിടങ്ങളിലേക്കോ, ഗ്രോബാഗുകളിലേക്കോ മാറ്റിനടാം. ആഴ്ചയിലൊരിക്കല്‍ ജൈവവളം നല്‍കാം. പടരാന്‍ തുടങ്ങുമ്പോള്‍ കയര്‍ കെട്ടിയോ ഫ്രെയിം സ്ഥാപിച്ചോ നിര്‍ത്തണം. നന്നായി പരിപാലിച്ചാല്‍ കുറേനാള്‍ വിളവുതരും. രോഗങ്ങളും കീടങ്ങളും ഈ വിളയ്ക്ക് പൊതുവേ കുറവാണ്.
ജീവകം എ, സി തുടങ്ങി അനേക പോഷകങ്ങളടങ്ങിയ ഈ പഴം സലാഡിനാണ് അധികവും ഉപയോഗിക്കുന്നത്. കറിവെയ്ക്കാനും അച്ചാറുണ്ടാക്കാനും മുന്തിരി തക്കാളി ഉപയോഗിക്കുന്നു. ഇതില്‍ ആന്റി ഓക്സിഡിന്റെ അളവ് കൂടുതലായതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.
Discussion about this post