കൃഷി ചെയ്യണമെങ്കില്‍ മണ്ണ് വേണമെന്നുണ്ടോ? ഇല്ലെന്ന് കേട്ടാല്‍ അദ്ഭുതം തോന്നുമോ? എങ്കില്‍ സംഗതി സത്യമാണ്. എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മണ്ണില്ലാ നടീല്‍ മിശ്രിതം തയ്യാറാക്കിയിട്ടുണ്ട്.
ജൈവകൃഷി ചെയ്യുന്നവര്‍, പ്രത്യേകിച്ച് നഗരങ്ങളില്‍ നേരിടുന്ന പ്രധാന പ്രശ്‌നം മികച്ച മണ്ണിന്റെ ലഭ്യതക്കുറവാണ്. മണ്ണിടിച്ചിലും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും കാരണം ഖനനത്തില്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതും ഗുണമേന്മയുള്ള മണ്ണ് ലഭ്യമല്ലാതാകാന്‍ ഇടയാക്കിയിട്ടുണ്ട്. മണ്ണിന് പകരമായി പ്രചാരത്തിലുള്ള ചകിരിച്ചോര്‍ ഉപയോഗിച്ചുള്ള മിശ്രിതങ്ങളില്‍ വേരുപിടുത്തം ബുദ്ധിമുട്ടാകുന്നതും നഗരപ്രദേശങ്ങളിലെ ജൈവകൃഷിയെ സാരമായി ബാധിക്കുമ്പോഴാണ് കൃഷി വിജ്ഞാനകേന്ദ്രം പുത്തന്‍ മണ്ണില്ലാ മിശ്രിതം പരീക്ഷിച്ച് വിജയിച്ചത്. പഞ്ചസാര നിര്‍മ്മാണത്തിന്റെ ഉപോത്പന്നമായി ലഭിക്കുന്ന പ്രെസ് മഡ് ജൈവീക വിഘടനം നടത്തി ചെടികള്‍ക്ക് ആവശ്യമായ ജൈവവളങ്ങളും ചേര്‍ത്താണ് മിശ്രിതം തയ്യാറാക്കുന്നത്.
ഈ മിശ്രിതം ലഭിക്കണമെങ്കില്‍ ഗോശ്രീ പാലത്തിന് സമീപത്തെ സിഎംഎഫ്ആര്‍ഐയിലുള്ള കെവികെ വിപണന കേന്ദ്രത്തില്‍ ചെന്നാല്‍ മതി. ഒരു പായ്ക്കറ്റിന് 125 രൂപയാണ് വില. ഒരു ചെടി നടാന്‍ പത്തു കിലോ മിശ്രിതമാണ് വേണ്ടത്. പാക്കറ്റുകളില്‍ നേരിട്ട് ചെടികള്‍ നടാം. ഗ്രോബാഗുകളിലും ചട്ടികളിലും മറ്റും കൃഷി ചെയ്യാനും മിശ്രിതം ഉപയോഗിക്കാം.
മണ്ണില്ലാ നടീല്‍ മിശ്രിതം നിര്‍മ്മിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സംരംഭകത്വ വികസനപരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. വിവരങ്ങള്‍ക്ക് : 8281757450 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Discussion about this post