അലങ്കാരമത്സ്യക്കൃഷിയില്‍ താരം ഫൈറ്റര്‍ ഫിഷുകളാണ്. ബീറ്റ മത്സ്യങ്ങള്‍ എന്നും അറിയപ്പടുന്ന ഫൈറ്റര്‍ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള മത്സ്യമാണ്. പല നിറങ്ങളിലുള്ള ഫൈറ്റര്‍ മത്സ്യങ്ങളെ മറ്റ് മത്സ്യങ്ങളില്‍ നിന്ന് വേറിട്ടതും ആകര്‍ഷണീയവുമാക്കുന്നത് അവയുടെ വിരിഞ്ഞ വാലുകളും ചിറകുകളുമാണ്.
ആണ്‍ മത്സ്യത്തിനാണ് കൂടുതല്‍ ആകര്‍ഷണീയതയുള്ളത്. വിപണിയില്‍ വന്‍ ഡിമാന്റാണ് ഫൈറ്റര്‍ മത്സ്യങ്ങള്‍ക്കുള്ളത്. രണ്ട് ഫൈറ്റര്‍ മത്സ്യങ്ങളെ ഒരുമിച്ചിട്ടു കഴിഞ്ഞാല്‍ അവ പരസ്പരം അടികൂടി ചത്തുപോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ചെറിയ ഗ്ലാസ് ബൗളുകളിലോ മറ്റോ ബ്രീഡിങ് സമയത്തൊഴികെ അവയെ തനിയെ വളര്‍ത്തുന്നതാകും നല്ലത്.
ഏത് പ്രതികൂല സാഹചര്യത്തിലും ചത്തുപോകില്ല എന്നതും പരിചരണം കുറവു മതിയെന്നതുമാണ് ഫൈറ്റര്‍ മത്സ്യങ്ങളുടെ മറ്റൊരു പ്രത്യേകത.കടയില്‍ നിന്നും ബീറ്റാ മത്സ്യങ്ങളെ വാങ്ങുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മത്സ്യത്തെ ഒരിക്കലും നിറമോ ഭംഗിയോ നോക്കി വാങ്ങരുത് മറിച്ച് ഏറ്റവും ചലനശേഷി ഉള്ളവയെ നോക്കി വേണം വാങ്ങാന്‍. ഇട്ടുവച്ചിരിക്കുന്ന ബൗളില്‍ വെള്ളത്തിന്റെ കുമിളകള്‍ ഉണ്ടെങ്കില്‍ ആ മത്സ്യം ആരോഗ്യമുള്ളത് എന്ന് ഉറപ്പിക്കാം. കൂടാതെ പുറമെനിന്നും ഉണ്ടാകുന്ന ചലനങ്ങളോട് പ്രതികരിക്കുന്നുണ്ടോ എന്നും നോക്കണം. ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള ഈ മത്സ്യത്തിന് വിപണിയില്‍ 100 മുതല്‍ 1500 രൂപ വരെ വിലയുണ്ട്.
Discussion about this post