പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കൃഷി വീണ്ടെടുത്ത് പരിപാലിക്കാന്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ നിരവധിയാണ്. കനത്ത മഴയും മണ്ണിടിച്ചിലുമെല്ലാം കാരണം കൃഷിയിടങ്ങളിലും ചെളി അടിഞ്ഞുകൂടിയിട്ടുണ്ടാകും. മണ്ണില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം വെള്ളം കടന്നുചെല്ലുമ്പോള്‍ മണ്ണിലെ കാപ്പില്ലറികളില്‍ കുടങ്ങിക്കിടക്കുന്ന വായു പുറത്തേക്ക് പോകും. ഇത് ചെടികളുടെ വേരോട്ടത്തെയും ജല ആഗിരണ ശേഷിയെയും പ്രതികൂലമായി ബാധിക്കും. കൂടുതല്‍ ദിവസം വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ മണ്ണിലെ സൂക്ഷ്മാണുക്കളുടെ എണ്ണം കുറയാനും ഇത് ഇടവരുത്തുന്നു.
ഇത്തരം സ്ഥലങ്ങളില്‍ വേരിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നതിനായി വേരിന് ആഘാതം വരാതെ മണ്ണിളക്കി കൊടുക്കുകയോ മണ്ണ് കയറ്റിക്കൊടുക്കുകയോ ചെയ്യുക. വേരുകളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ നേര്‍പ്പിച്ച പച്ചചാണകത്തിന്റെ തെളി 100 ലിറ്ററില്‍ 1 കിലോ ട്രൈക്കോഡോര്‍മ ചേര്‍ത്ത് ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്.
ശക്തമായ മഴ ലഭിച്ചത് മൂലം മണ്ണിലെ നൈട്രജന്‍, പൊട്ടാസ്യം എന്നീ മൂലകങ്ങള്‍ നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയേറെയാണ്. ഇത് പരിഹരിക്കാന്‍ നൈട്രജനും പൊട്ടാസ്യവും ലഭ്യമാകുന്ന വളങ്ങള്‍, പ്രത്യേകിച്ചും 19-19-19 പോലുള്ള വെള്ളത്തില്‍ അലിയുന്ന വളങ്ങള്‍ അഞ്ച് ഗ്രാം, 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചുകൊടുക്കുക.
Discussion about this post